മെഡിക്കൽ കോളജിൽ വച്ച് ഡോക്ടറുടെ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അന്വേഷണ മികവിലൂടെ കണ്ടെത്തി ഗാന്ധിനഗർ പോലീസ്

കോട്ടയം മെഡിക്കൽ കോളജ് കാമ്പസിലെ കാർപാർക്കിങ് ഏരിയയിൽവച്ച് ഡോക്ടറുടെ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാട്ടാക്കട ചന്ദ്രൻ (49) എന്നുവിളിക്കുന്ന തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ചന്ദ്രനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ്‌ചെയ്തത് കനത്ത വെല്ലുവിളികൾ അതിജീവിച്ച്. തിരുവല്ല ഓതറ സ്വദേശി ഷിബു എന്നു വിളിക്കുന്ന തോമസിന് (53) വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റത്.മെഡിക്കൽ കോളേജ് വളപ്പിലെ കാർ പാർക്കിങ് ഏരിയയിൽ നടന്ന സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. കുത്തിയശേഷം സ്ഥലത്തുനിന്നും കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി ആശുപത്രി പരിസരത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും പുറത്തുള്ള ക്യാമറകൾ പ്രവർത്തന രഹിതമായതിനാൽ ശ്രമം വിജയിച്ചില്ല. കുത്തുകൊണ്ട ഡ്രൈവർക്ക് പ്രതിയെ മുൻപരിചയം ഉണ്ടായിരുന്നില്ല. പാർക്കിങ് ഏരിയക്കു സമീപമുള്ള ഷെഡിൽ ഇരുന്ന് ഭക്ഷണം കഴിച്ച പ്രതി മാലിന്യം അവിടെയിടുന്നത് വിലക്കിയതു മാത്രമായിരുന്നു പ്രകോപനം. തുടർന്ന് പ്രതി സഞ്ചിയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഡ്രൈവറുടെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റയാൾ പറഞ്ഞ ലക്ഷണങ്ങളും അടയാളങ്ങളുമുള്ള ആളിനായി പോലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. താടിയും മുടിയും വളർത്തിയ നീല ഷർട്ട് ധരിച്ചയാൾ എന്നതുമാത്രമായിരുന്നു പോലീസിനു ലഭിച്ച സൂചന. സമാന ലക്ഷണങ്ങളുള്ള നിരവധി ആളുകളെ കസ്റ്റഡിയിൽ എടുത്ത് കുത്തേറ്റയാളെ കാണിച്ചച്ചെങ്കിലും പ്രതിയിലേക്ക് എത്തിച്ചേരാനായില്ല. പോലീസ് തിരച്ചിൽ തുടർന്നെങ്കിലും ഡ്രൈവറുടെ ആരോഗ്യനില വഷളാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഐ.സി.യു.വിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെ അന്വേഷണം വഴിമുട്ടി.തുടർന്ന് ഗാന്ധിനഗർ എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സാധാരണവേഷത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് രാപകൽ കറങ്ങി നടന്ന് വിവരം ശേഖരിച്ചു. സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാനെത്തുന്ന യാചകരേയും ആക്രി പെറുക്കുകാരേയും സമീപിച്ച് വിവരം ശേഖരിച്ചായിരുന്നു അന്വേഷണം. പതിവായി മെഡിക്കൽ കോളേജ് പരിസരത്ത് കറങ്ങി നടന്ന് സൗജന്യ ഭക്ഷണം വാങ്ങുന്നവരും എന്നാൽ സംഭവ ദിവസത്തിനു ശേഷം സ്ഥലത്തു കാണാത്തവരുമായ ആളുകളെ തിരിച്ചറിയാനായിരുന്നു ശ്രമം.ഇക്കൂട്ടത്തിൽ അക്രമ വാസനയുള്ളവരേക്കുറിച്ചു പ്രത്യേകമായി വിവരം ശേഖരിച്ചു. ഇതിൽ മറ്റു സ്ഥലങ്ങളിൽ കേസിൽ ഉൾപ്പെട്ടവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിയ കൂട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ വധശ്രമക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ചന്ദ്രൻ എന്നയാളുടെ സാന്നിദ്ധ്യം കോട്ടയം മെഡിക്കൽ കോളേജ് പരസരത്ത് ഉണ്ടായിരുന്നു എന്ന സുപ്രധാന വിവരം പോലീസ് സംഘത്തിനു കിട്ടി. ഇയാളുടെ കൈവശം സദാസമയവും ആയുധം ഉണ്ടാകുമെന്നും അറിയാൻ കഴിഞ്ഞു. രണ്ടുദിവസമായി ഇയാളെ മെഡിക്കൽ കോളേജ് പരിസരത്ത് കാണാനില്ല എന്നുള്ള വിവരം സംശയം ഇയാളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി. തുടർന്ന് ചന്ദ്രനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ഇതിനിടെ 05.05.25 തീയതി വൈകി അമ്മഞ്ചേരി ഐ.സി.എച്ചിനു സമീപം ചന്ദ്രനെ കണ്ടുവെന്ന രഹസ്യവിവരം ലഭിച്ചതോടെ പോലീസ് സംഘം കുതിച്ചെത്തി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ പക്കൽനിന്നും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നെഞ്ചിൽ ആഴത്തിൽ പരിക്കേറ്റ ഡ്രൈവർ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഗാന്ധിനഗർ എസ്.എച്ച്.ഒ. ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. അനുരാജ് എം.എച്ച്. പോലീസ് ഉദ്യേഗസ്ഥരായ രഞ്ജിത്ത് ടി.ആർ, അനൂപ് പി.ടി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

ഒന്നാം വർഷ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി പരീക്ഷ – മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ - മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ...

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ...

വി.പി.ആർ മാധ്യമപുരസ്‌കാരം  അനസുദീൻ അസീസിന്

മാതൃഭൂമി മുൻ പത്രാധിപരും കേരള മീഡിയ അക്കാദമി മുൻ ചെയർമാനുമായ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ  പ്രഥമ അന്തർദേശീയ...

കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല:മന്ത്രി വി ശിവൻകുട്ടി

സ്വന്തം പിതാവായ കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...