ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: കെ മുരളീധരൻ

ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീർഥാടനത്തിന് വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിൽ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുളള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം.

കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വളരെ നേരത്തെ തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തി മുന്നോട്ടുപോകാൻ സാധിക്കണം. തീർഥാടനത്തിന്റെ തുടക്കം മുതൽ തന്നെ റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കാൻ നിർദേശം നൽകണം. ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ ബുക്ക് ചെയ്ത് വരുന്ന തീർഥാടകരെ നിലക്കലിൽ ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ പരിഗണനയിലാണ്. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തിൽ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.

ശബരിമല തീർഥാടനത്തിന്റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിനാണ് വലിയ ഉത്തരവാദിത്തമുള്ളതെന്ന് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകൾ കൂടുതൽ ഊർജിതമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.ആന്റോ ആന്റണി എംപി, എംഎൽഎ മാരായ അബിൻ വർക്കി, പഴകുളം മധു, എം ജെ സെബാസ്റ്റ്യൻ, സി വി ശാന്തകുമാർ, കെ യു ജെനിഷ് കുമാർ, വർഗീസ് മാമൻ, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, പത്തനംതിട്ട കളക്ടർ എ നിസാമുധീൻ, പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആർ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷകൾ ജൂലൈ 13 വരെ സമർപ്പിക്കാം

സംസ്ഥാന കർഷക അവാർഡുകൾക്കായുള്ള അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം.കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ...

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധം അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്തണം- ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.ജില്ലാതല പ്രിൻസിപ്പൽ സെൻസസ്...

കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി

കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി.കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി...

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം .സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13ന്...