ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപവും മൊഴിപ്പകർപ്പുകളും കോടതിയിൽ നൽകേണ്ടിവരുമെന്നുറപ്പായതോടെ നിയമപരമായ സാധ്യതകൾതേടി സർക്കാർ. റിപ്പോർട്ടിൻ്റെ പൂർണരൂപവും അനുബന്ധരേഖകളും പുറത്തുവിടേണ്ടെന്ന് ആശ്വസിച്ചിരിക്കെയാണ് എല്ലാം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് കോടതിയിലെത്തുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാതലത്തിലുമുള്ള നിയമപരമായ പരിശോധന നടക്കുന്നത്.
വിധിയുടെ പകർപ്പ് കിട്ടിയാൽ കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനാണ് സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്ക് സർക്കാർ നൽകിയ നിർദേശം.
റിപ്പോർട്ടിൻ്റെ പുറത്തുവരാത്ത ഭാഗത്തും മൊഴികളിലും വ്യക്തികളുടെ പേരുണ്ടാകാൻ സാധ്യതയുണ്ട്.
എന്നാൽ, ഉന്നതവ്യക്തികളുടെയൊന്നും പേര് വായിച്ചിട്ടില്ലെന്നാണ് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞത്.
നിയമവകുപ്പിൽ അനൗദ്യോഗിക പരിശോധനയ്ക്ക് റിപ്പോർട്ട് എത്തിയപ്പോഴും മൊഴിപ്പകർപ്പ് ഉണ്ടായിരുന്നില്ല. ഇത് സാംസ്‌കാരികവകുപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉന്നതരുമായി ബന്ധപ്പെട്ട പരാമർശം പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതം സർക്കാർ തിരിച്ചറിയുന്നുണ്ട്.എന്നാൽ, കോടതിവിധി പാലിച്ചില്ലെന്ന വിമർശനം കേൾക്കാൻ അവസരമൊരുക്കരുതെന്നും സർക്കാർ ആഗ്രഹിക്കുന്നു. എല്ലാം കോടതി പറയുന്നതിനനുസരിച്ച് എന്നാണ് സർക്കാർ നിലപാടെങ്കിലും റിപ്പോർട്ടിൻ്റെപേരിൽ സിനിമാമേഖലയെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല.
റിപ്പോർട്ടിനുപുറമേ മൊഴിപ്പകർപ്പുകളും അനുബന്ധരേഖകളുമുള്ള രണ്ടു കെട്ടുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സാംസ്‌കാരികവകുപ്പിനു കൈമാറി.വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാട് തുടക്കത്തിൽത്തന്നെ സ്വീകരിച്ച സർക്കാർ സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങളും നടത്തിയിരുന്നു. ആദ്യയോഗംനടന്ന ദിവസംതന്നെ റിപ്പോർട്ടിലെ പ്രധാനശുപാർശകൾ പുറത്തുവിടുകയും ചെയ്തു. അന്നും ഡബ്ല്യു.സി.സി. പറഞ്ഞത് റിപ്പോർട്ട് പുറത്തുവിടാതെ ചർച്ചനടത്തിയിട്ട് കാര്യമില്ലെന്നായിരുന്നു.