പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് തട്ടുകട അടിച്ചുതകർത്ത സംഭവം; മുഖ്യപ്രതി പിടിയിൽ.കുണ്ടറ പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ. കൊള്ളി നിയാസ് എന്നയാളെയാണ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊട്ടിയം പൊലീസ് പിടികൂടിയത്.
നവംബർ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പുഴയിലെ ടീ മേറ്റ് തട്ടുകടയിൽ ചായ കുടിക്കാനെത്തിയ നിയാസും സുഹൃത്ത് ജാക്സണും പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് ജീവനക്കാരനായ മോഹനനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ മോഹനനെ മർദിക്കുകയും ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയും ചെയ്തു. ആക്രമണം തടയാനെത്തിയ കടയുടമ നാസിമിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഘം കടയിലെ സാധനങ്ങളും അടിച്ചുതകർത്തു. അക്രമം തടയാനെത്തിയ നാട്ടുകാരെയും സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. വാരിയെല്ലിന് ഗുരുതരമായി പരുക്കേൽക്കുകയും ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്ത മോഹനനെയും കടയുടമ നാസിമിനെയും നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.സംഭവം നടന്ന ദിവസം തന്നെ മറ്റൊരു വീട് കയറി ആക്രമിച്ച സംഭവത്തിലും നിയാസിനെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

