സി.വി. ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം നേതാവും പയ്യന്നൂർ മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. കോടതി വിധിയെയും രാഷ്ട്രീയ എതിരാളികളെയും രൂക്ഷമായി വിമർശിച്ച മധുസൂദനൻ, സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെയും. ഭീഷണി മുഴക്കി.
കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും മധുസൂദനൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർ തെരുവിലിറങ്ങിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ചീമേനി കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്നും മധുസൂദനൻ അവകാശപ്പെട്ടു.
ധനരാജ് വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും രൂക്ഷമായ വിമർശനമാണ് മധുസൂദനൻ ഉന്നയിച്ചത്. തടവുശിക്ഷയിലൂടെ ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാനാകില്ലെന്നും ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. വി. കുഞ്ഞികൃഷ്ണനെതിരെയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അവകാശപ്പെടുന്നതിനിടെയായിരുന്നു രാഷ്ട്രീയ എതിരാളികൾക്കെതിരായ മധുസൂദനന്റെ ഭീഷണി പ്രസംഗം.

