മുഖ്യമന്ത്രി വി.ഡി. സതീശനുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഷയാധിഷ്ഠിതമായ വിമർശനങ്ങൾ മാത്രമാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.മുൻകാലങ്ങളിൽ വി.ഡി. സതീശനുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. മുഖ്യമന്ത്രി മിടുമിടുക്കനാണ്. കണിച്ചുകുളങ്ങരയിൽ സതീശൻ എത്തിയാൽ സ്വീകരിക്കുമെന്നും തന്നെ സന്ദർശിക്കുന്നതിന് ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പൊതുപ്രവർത്തനത്തിലും സ്വകാര്യജീവിതത്തിലും കഴിഞ്ഞ 30 വർഷമായി താൻ വേട്ടയാടപ്പെടുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തന്നെ ലക്ഷ്യമിട്ട് എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനെയും തകർക്കാനാണ് ചിലരുടെ ശ്രമം. എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ എതിരാളികൾക്ക് കെട്ടിവെച്ച പണംപോലും നഷ്ടമായെന്നും അദ്ദേഹം പരിഹസിച്ചു.
മൈക്രോ ഫിനാൻസ് കേസിൽ തന്നെ പ്രതിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും കോടതി പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിൽ യാത്ര ചെയ്തതിൽ തെറ്റില്ലെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ നിരാശയാണ് ചിലരുടെ വിമർശനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പുതുമയുള്ള കാര്യമല്ലെന്നും മുന്നണികൾക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

