ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും പ്രമുഖ സുവിശേഷ പ്രവർത്തകനുമായ പാസ്റ്റർ ഡോ. ടി. വത്സൻ ഏബ്രഹാം (74) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഐപിസി സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും മുൻ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്. 2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം 2019 മുതൽ ജനറൽ പ്രസിഡന്റ് സ്ഥാനത്ത് സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ച് സ്ഥാപകനും ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റുമായിരുന്നു. അമേരിക്കയിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്ന അദ്ദേഹം ഇന്ത്യയിലും വിദേശത്തും സുവിശേഷ പ്രവർത്തനങ്ങൾക്കും സഭകളുടെ വളർച്ചയ്ക്കും നിർണായക സംഭാവനകൾ നൽകി.
ഭാര്യ : ലാലി ഏബ്രഹാം. സ്നേഹ, ആൻ, സന്തോഷ്, ആഷ എന്നിവർ മക്കളാണ്. സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

