കവിത/ റാണി മാത്യു
അമ്മതന്നുണ്മയിൻ
ലാളനമേറ്റൊരു
കൊച്ചുപൂവാകുവാൻ
മോഹം.
അച്ഛന്റെ മടിയിലിരുന്നിട്ടു വീണ്ടും
കൊഞ്ചിപ്പറയുവാൻ മോഹം
പൂന്തേനുണ്ണുവാനെത്തുന്ന പൂമ്പാറ്റതൻ
പുള്ളിയുടുപ്പിടാൻ മോഹo
മാന്തളിർ തിന്നു മദിച്ചോരു കുയിലിന്ന്
മറുപാട്ടുപാടുവാൻ മോഹം.
ചെറ്റു കിഴക്കേച്ചെരി വിലുയരുന്ന
സൂര്യനൊത്തുണരു വാൻ മോഹം
രാത്രിയിൽ മാന ത്തുദിക്കുന്ന മാമനോടൊത്തൊത്തു പായുവാൻ മോഹം
എഴുവർണങ്ങളും നീർത്തി നിന്നാടുന്ന
കേകി തൻ കൂടെച്ചേർന്നാടാൻ മോഹം.
പാടവരമ്പത്തെ വെള്ളത്തിലെ ചെറു
മീനിനെ കൈക്കുള്ളിലാക്കാൻ മോഹം.
വീണ്ടുമൊരുദിനം പുസ്തകക്കെട്ടുമായ്
പള്ളിക്കൂടത്തിൽ പഠിക്കാൻ മോഹം
അടിയെപ്പേടിച്ചു കൂട്ടരുമൊത്ത്
പാണലില കൂട്ടിക്കെട്ടാൻ മോഹം
മോഹങ്ങളെല്ലാം വെറും മോഹങ്ങൾ മാത്രം
പിന്നെയും പിന്നെയും മോഹിക്കാന്‍ മോഹം…..!
കവിത/ മോഹം/ റാണി മാത്യ