കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിനൊപ്പം ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയും നിലവിൽ പരിഗണനയിലില്ലെന്ന് സഭയിൽ സ്ഥിരീകരിച്ചു.
സിൽവർ ലൈൻ മുന്നോട്ട് കൊണ്ടുപോകാനാകില്ലതിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതായി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് മുതിർന്ന റെയിൽവേ വിദഗ്ധൻ ഡോ. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽവേ കോറിഡോർ സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് വിലയിരുത്താൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.എന്നാൽ, സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി, നിലവിലെ രൂപത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിൽവർ ലൈനിൽ നിന്നും അതിവേഗ റെയിൽ പദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ കേരളത്തിലെ വടക്ക്-തെക്ക് റെയിൽ ഗതാഗതം കൂടുതൽ ശക്തമാക്കാൻ പുതിയ പദ്ധതിയനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 873 കിലോമീറ്റർ ദൈർഘ്യം വരുന്ന വിവിധ റെയിൽവേ ലൈനുകളുടെ വികസനവും സർവേ നടപടികളും വേഗത്തിലാക്കും.മൂന്നാം പാത, നാലാം പാത സർവേകൾ വേഗത്തിലാക്കും.കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനും യാത്രക്കാരുടെ യാത്രാസമയം കുറയ്ക്കുന്നതിനും മുൻഗണന നൽകും.
വർഷങ്ങളായി തരിശുകിടക്കുന്ന പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതിയും ഇനി പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. ഇതിനായി മുൻപ് ഏറ്റെടുത്ത ഭൂമി മറ്റ് റെയിൽവേ വികസന പ്രവർത്തനങ്ങൾക്കോ പദ്ധതികൾക്കോ ആയി വിനിയോഗിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

