ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുമെന്ന് കെവിന്‍ ഡി ബ്രൂയ്ന്‍. ഇതോടെ ക്ലബ്ബുമായുള്ള തന്റെ പത്ത് വര്‍ഷത്തെ സേവനത്തിന് വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ തന്റെ സമയത്തുണ്ടായ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബിന്റെ ആരാധകര്‍ക്ക് വൈകാരികമായ കുറിപ്പ് എഴുതിക്കൊണ്ടാണ് ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ കരാര്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, അഞ്ച് ലീഗ് കപ്പുകള്‍, രണ്ട് എഫ്എ കപ്പുകള്‍, ഒരു ചാമ്പ്യന്‍സ് ലീഗ് ട്രോഫി എന്നിവ നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തില്‍ ഡി ബ്രൂയിന്‍ അവിഭാജ്യ ഘടകമായിരുന്നു. രണ്ടുതവണ പിഎഫ്എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ പ്ലേമേക്കര്‍ ഓഫ് ദ സീസണ്‍ ആയി കിരീടം നേടിയിട്ടുണ്ട്.
താരത്തിന്റെ കുറിപ്പ് വായിക്കാം”പ്രിയപ്പെട്ട മാഞ്ചസ്റ്റര്‍,ഇത് കാണുമ്പോള്‍ ഇത് എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അതിനാല്‍ ഞാന്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. ഒരു മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനെന്ന നിലയില്‍ ഇത് എന്റെ അവസാന മാസങ്ങളാണെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു”. സിറ്റിയില്‍ തനിക്കുള്ള പിന്തുണക്ക് ക്ലബ്ബ്, സ്റ്റാഫ്, സഹതാരങ്ങള്‍, സുഹൃത്തുക്കള്‍, കുടുംബം എന്നിവരോട് നന്ദി പറഞ്ഞു കൊണ്ടാണ് ഡി ബ്രൂയിന്‍ എക്‌സിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.