ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വൻ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തല്‍.ക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് അതീവ ഗുരുതരമായ ഈ മോഷണവിവരങ്ങള്‍ പുറത്തുവന്നത്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ ‘വൈരനാമം’ ദുരൂഹ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ നിന്നും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആറുമാസം മുൻപ് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി എന്നാണ് ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളില്‍ ഉള്ളതെങ്കിലും ഇത് ഇതുവരെ ക്ഷേത്രത്തില്‍ തിരികെ എത്തിച്ചിട്ടില്ല. ഇതിന് പുറമെ ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണ ഉരുപ്പടികളില്‍ നിന്നും വലിയ തോതില്‍ സ്വർണ്ണം മോഷണം പോയതായും പൊലീസ് കണ്ടെത്തി. ഈ ഉരുപ്പടികള്‍ ഉരുക്കി പരിശോധിച്ചപ്പോള്‍ 78 ഗ്രാമോളം സ്വർണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ പ്രധാന സ്വർണ്ണവിളക്കും ഇതേ രീതിയില്‍ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്. ആറുമാസം കഴിഞ്ഞിട്ടും ഈ സ്വർണ്ണവിളക്ക് തിരികെ കൊണ്ടുവന്നതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന അതീവ ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണ്ണമായും നോക്കുകുത്തിയാക്കി നടക്കുന്ന ഈ തുടർച്ചയായ മോഷണങ്ങള്‍ അതീവ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും എത്രയും വേഗം അതീവ സുരക്ഷിതമായ സ്ട്രോങ് റൂമുകളിലേക്ക് മാറ്റണമെന്നും, ഭക്തർ നല്‍കുന്ന വഴിപാടുകള്‍ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പൊലീസ് കാവല്‍ ഏർപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

വിഐപികള്‍ ഉള്‍പ്പെടെ ഒരാളെപ്പോലും കൃത്യമായ സുരക്ഷാ പരിശോധനകള്‍ കൂടാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്നും സുരക്ഷാ ഓഡിറ്റിങ് കർശനമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള ക്ഷേത്രത്തില്‍ തുടർച്ചയായി ഉണ്ടാകുന്ന ഈ മോഷണങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങളും കർശന നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...