നാളെ വിഷു.വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.നാളെ പുലർച്ചെ കണികണ്ട് ഉണർന്ന് കൈനീട്ടം വാങ്ങി വിഷു ആഘോഷങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണ് കുട്ടികളും മുതിർന്നവരും.മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്.കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷുവെന്ന് പറഞ്ഞാല്‍ പലർക്കും അറിയില്ല. വേനല്‍ക്കാലത്തെ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് മേട വിഷു ആഘോക്കുന്നതെന്നതാണ് യാഥാർഥ്യം, അത് ഓണത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. വിഷുവും കൃഷിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി ആചാരങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്.നിലം ഉഴുത് മറിച്ച് വിത്തിടുന്നതിന് തുടക്കം കുറിക്കുന്ന ചാലിടീല്‍ കര്‍മ്മം, കാര്‍ഷികോപകരണങ്ങള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി വയ്ക്കുന്ന കൈക്കോട്ടുചാല്‍ തുടങ്ങി വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിങ്ങനെ കൃഷിയും മതാചാരങ്ങളുമായി ബന്ധപ്പെടുത്തി പല ആചാരങ്ങളും ഇന്നേ ദിവസം നടക്കാറുണ്ട്ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്‌തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക.കേരളത്തിലെ മുക്കിലും മൂലയിലും വരെ നിർത്താതെ പടക്കങ്ങളുടെ ശബ്‌ദം കേട്ട് കൊണ്ടിരിക്കാൻ കഴിയും. ആഘോഷത്തിന്റെ മറ്റൊരു രൂപമാണ് വിഷുവെന്ന് പറയാൻ കാരണം ഇതാണ്. വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലും ഒക്കെ ദീപാവലി എങ്ങനെയാണോ കൊണ്ടാടുന്നത് അതേ രീതിയില്‍ തന്നെയാണ് കേരളത്തില്‍ വിഷുവും ആഘോഷിക്കുന്നത്.കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തില്‍ നിന്ന് വളരെ വ്യത്യസ്‌തമായ ചില രീതികളാണ് വിഷുവിന്റേത്. കാർഷികപരമായും ജ്യോതിഷപരമായും മതപരമായും വരെ വിഷുവിനെ നോക്കി കാണുന്നവരുണ്ട്. യഥാർത്ഥത്തില്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു തുടക്കവും അത് വര്‍ഷം മുഴുവനും നിലനില്‍ക്കണമെന്നുള്ള ശുഭപ്രതീക്ഷയുമാണ് വിഷു.എല്ലാവർക്കും എസിവി ന്യൂസിൻ്റെ വിഷു ആശംസകൾ