ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂരിലെ മെയ്‌ത്തീ വിഭാഗത്തിൽപ്പെട്ട സംഗീതജ്ഞനും മണിപ്പൂർ സ്വദേശിയുമായ ചോങ്ഥാം വിക്രം സിംഗ് (54) അയൽവാസികളുടെ ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ വിക്രം സിംഗിന്റെ വീടിനു പുറത്ത് ബഹളവും ശല്യവുമുണ്ടാക്കിയ ഒരു കൂട്ടം ആളുകളെ ചോദ്യം ചെയ്തതിനാണ് പ്രതികൾ ഇദ്ദേഹത്തെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന ഏഴ് പ്രതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്. വർഷങ്ങളായി കിലോകാരി ഗ്രാമത്തിൽ താമസിക്കുന്ന വിക്രം സിംഗിനെ നാട്ടുകാർ ചേർന്ന് മർദ്തിച്ചുകൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വൺഷീയ അതിക്രമങ്ങളിൽ ബന്ധുക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

