എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. പ്രാഥമിക അന്വേഷണത്തിൽ മിഹിർ അഹമ്മദിന് റാഗിംഗ് നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിഹിറിന്റെ കുടുംബം നൽകിയ പരാതി ഗ്ലോബൽ പബ്ലിക് സ്കൂൾ പൊലീസിന് നൽകാതെ മറച്ചുവെച്ചതായും കണ്ടെത്തൽ.കഴിഞ്ഞദിവസമാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തി മിഹിറിന്റെ കുടുംബം മൊഴി നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റാഗിംഗ് അടക്കമുള്ള വകുപ്പുകൾ ചുമത്താൻ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ പൊലീസിൽ നൽകാതെ മറച്ചുവെച്ചതായും അന്വേഷണസംഘം കണ്ടെത്തി.ആത്മഹത്യയിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നിർദേശം നൽകിയത്. എസ് ഷാനവാസ് കാക്കനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. സ്കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ NOC സർട്ടിഫിക്കറ്റ് ഇരു സ്കൂളും ഹാജരാക്കിയില്ല. സഹപാഠികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മൊഴിയെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംഭവത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണവും ഉണ്ടാകും.