കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അർജന്റീന ആരാധക വൃന്ദത്തെ എല്ലായിപ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി AFA പറഞ്ഞു.
അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചർച്ചയായി. ഇതിൻ്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കുന്നതിന് താല്പര്യം അറിയിച്ചു. സംസ്ഥാന സർക്കാരുമായി ചേർന്ന് AFA ഫുട്ബോൾ അക്കാദമികൾ കേരളത്തിൽ സ്ഥാപിക്കാനും താല്പര്യം അറിയിച്ചു.
എ എഫ് എയുമായുള്ള സഹകരണം കേരളത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും ഇക്കാര്യം അതിവേഗം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രി വി അബ്ദു റഹിമാൻ വ്യക്തമാക്കി.
മന്ത്രി വി അബ്ദുറഹിമാനും സംഘവും മാഡ്രിഡിലെ വിവിധ കായിക വികസന കേന്ദ്രങ്ങൾ സന്ദർശിച്ചു. സ്പെയിൻ ഹയർ സ്പോട്സ് കൗൺസിലുമായി സംഘം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്പോർട്സ് കൗൺസിലിന്റെ പങ്കാളിത്തം ചർച്ച ചെയ്തു. മാഡ്രിഡിലെ ഹൈ പെർഫോമൻസ് സെന്ററുകളും സംഘം സന്ദർശിച്ചു.
സംസ്ഥാനത്തെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതും കായികരംഗത്തെ ഉന്നതിയോടൊപ്പം കായിക അനുബന്ധ സോഫ്റ്റ് സ്കിൽ വികസനവും ഇങ്ങനെ വൈദഗ്ധ്യം നേടുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതും ചർച്ചയിൽ ഗൗരവമുള്ള കാര്യങ്ങളായി ഉയർന്നുവന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്ന സ്പോർട്സ് ഇൻസ്റ്റിട്യൂട്ടിൽ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തി.
കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎ എസ്, കായിക ഡയറക്ടർ വിഷ്ണു രാജ് ഐ എ എസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.