ചാലിയാര്‍ തീരത്തെ ദുര്‍ഘടമേഖലയായ സൺറൈസ് വാലിയിലേക്ക് ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലെത്തിച്ച് തെരച്ചിൽ. ആറ് കരസേനാംഗങ്ങളും കേരള പൊലീസ് സ്പെഷ്യൽ ആക്ഷന്‍ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്‍റെയും ബാസ്കറ്റിന്‍റെയും സഹായത്തോടെ ഈ മേഖലയിൽ ഇറങ്ങാന്‍ സഹായിച്ചത്.
ഒരു പ്രദേശത്ത് തെരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.
കല്‍പ്പറ്റ എസ്.ജെ.കെ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടിൽ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്. ലാൻഡിംഗ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ആളുകളെ ഇറക്കുന്നതിനും എയർ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്.