കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമാ തോമസിന് അപകടമുണ്ടായ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് പറഞ്ഞത് അനുസരിച്ച് നിഗോഷ് എത്തിയിരുന്നു. ചിലപ്പോള്‍ അറസ്റ്റ് ഉണ്ടായേക്കാം എന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു.
കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ തന്നെ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇയാളെ കൊച്ചി എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.