അശ്രദ്ധയും, ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്നും മുൻമന്ത്രി വി.എൻ വാസവൻ.റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും, ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല.ഉരുൾ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീഴ്ചയുണ്ടായി.സന്നദ്ധ സേവന പ്രവർത്തകരുടെ ഇടപെടലാണ് ഈരാറ്റുപേട്ടയിലെ മരണസംഖ്യ കുറയുവാൻ കാരണമായതെന്നും വി.എൻ വാസവൻ പറഞ്ഞു.ഈരാറ്റുപേട്ട ടൗണിൽ മാത്രം വെള്ളപ്പൊക്കത്തിൽ മാത്രം 50 കോടി രൂപയുടെ നഷ്ടമുണ്ടായതും മുൻകരുതലുകൾ സ്വീകരിക്കുന്നതിലെ വീഴ്ച കാരണമാണെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.ദുരന്തത്തിന് ശേഷവും ഒരു സൗകര്യങ്ങളും ഒരു സ്ഥലത്തും ഒരുക്കിയില്ല.
പല ക്യാമ്പുകളിലും ഭക്ഷണം ഒരുക്കാനുള്ള വസ്തുക്കൾ എത്തിയില്ല. മറ്റ് ക്യാമ്പുകളിൽ ചെന്ന് ഭക്ഷണം കഴിക്കാൻ പറയുന്നതും വീഴ്ചയാണ്.ഫയർഫോഴ്സ് രക്ഷപെടുത്തി കൊണ്ടുവന്ന പലർക്കും ചികിത്സാ സഹായം പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയമുണ്ടായ ഈരാറ്റുപേട്ടക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കച്ചവടക്കാർക്ക് പലിശ രഹിത വായ്പ, പുനരധിവാസം തുടങ്ങിയവ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി കോട്ടയം ജില്ലാ സന്ദർശിക്കാൻ തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിച്ചു. പത്തനംതിട്ടയിലെ റാന്നിയിൽ വരെ എത്തിയെങ്കിലും തൊട്ടടുത്തുള്ള ഉരുൾപൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ മുഖ്യമന്ത്രി എത്തിയില്ല.പ്രളയം നടന്നതിൻ്റെ പിറ്റേന്ന് പൂഞ്ഞാർ എംഎൽഎ അമേരിക്കയിലേക്ക്വിദേശ യാത്രക്കായി പോയത് അനുചിതമായി പോയെന്നും വാസവൻ ചൂണ്ടിക്കാട്ടി.ഉരുൾപെട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് കൂടുതൽ സഹായമൊരുക്കണമെന്നും സിപിഎം കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
അശ്രദ്ധയും, ഏകോപനം ഇല്ലായ്മയുമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണം; വി.എൻ വാസവൻ

