വീടിൻ്റെ ദോഷമകറ്റാന്‍ പൂജ നടത്താനെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ യുവതിയടക്കം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.ഇടുക്കി കരിങ്കുന്നം പാറക്കടവ് അഞ്ചപ്ര ഷാജിത ഷെരീഫ് (28), പാറക്കടവ് അത്തിവീട്ടില്‍ സുലോചന ബാബു (42) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയാണു ഇവരുടെ ചതിയില്‍ വീണത്.
കഴിഞ്ഞ മാസം പത്താം തിയതിയാണ് സംഭവം.
കത്തി, പുല്‍ത്തൈലം തുടങ്ങിയവയുടെ വില്‍പനയ്ക്ക് വീട്ടമ്മയുടെ വീട്ടിലെത്തിയതാണു ഷാജിതയും സുലോചനയും മറ്റൊരു സ്ത്രീയും.
സംസാരത്തിനിടെ അടുപ്പം സ്ഥാപിച്ച സ്ത്രീകള്‍ വീടിനു ദോഷമുണ്ടെന്നു വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ദോഷം മാറ്റാന്‍ സ്വര്‍ണാഭരണങ്ങള്‍ പൂജിക്കണമെന്നു പറഞ്ഞു.
വീട്ടമ്മ 12 പവന്‍ ആഭരണങ്ങള്‍ പൂജിക്കുന്നതിനായി സെറ്റിയില്‍വച്ചു.
പൂജ പൂര്‍ത്തീകരിക്കണമെങ്കില്‍ വീടിൻ്റെ പരിസരത്തുനിന്നു കല്ലുകളോ മറ്റോ വേണമെന്നറിയിച്ചതോടെ വീട്ടമ്മ മുറിക്കുള്ളില്‍നിന്നു പുറത്തിറങ്ങി.
ഈ സമയം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.
എസ്എച്ച്ഒ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.