ശബരിമല മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് നട തുറക്കും.41 ദിവസം നീളുന്ന മണ്ഡലകാലവും പിന്നാലെ എത്തുന്ന മകരവിളക്കും ഉള്‍പ്പെടെ ഇനിയുള്ള രണ്ടുമാസത്തിലധികം തീർഥാടകവഴികളില്‍ ഇടതടവില്ലാതെ ശരണംവിളികള്‍ മുഴങ്ങും.
ഇന്നു വൈകുന്നേരം അഞ്ചിനു നട തുറക്കുന്നതിനു പിന്നാലെ തീർഥാടകർ പതിനെട്ടാംപടി കയറിത്തുടങ്ങും. പമ്പയിൽ നിന്ന് ഇന്ന് ഉച്ചയോടെ തീർഥാടകർ മല കയറിത്തുടങ്ങും. കെഎസ്‌ആർടിസി ബസുകള്‍ പമ്പ സ്പെഷല്‍ സർവീസുകള്‍ ആരംഭിച്ചു. നിലയ്ക്കല്‍ – പമ്പറൂട്ടില്‍ ചെയിൻ സർവീസുകളും ആരംഭിച്ചു. വാഹനങ്ങളുടെ പാർക്കിംഗ് നിലയ്ക്കലിലാണ്. ചെറു വാഹനങ്ങള്‍ക്ക് ഇക്കുറി പമ്പയില്‍ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പമ്പയിലെ വെർച്വല്‍ ക്യൂ കൗണ്ടറുകള്‍ നവീകരിച്ചു. ഗണപതി ക്ഷേത്രത്തിനു സമീപത്തെ നടപ്പന്തലിലാണ് കൗണ്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുക. അധികനേരം ക്യൂവില്‍ നില്‍ക്കാതെ കടന്നുപോകാം.