സംഘ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ ‘ഭാരത് മാതാ കീ ജയ്’ എന്നതാണ് പ്രവര്‍ത്തനത്തിനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു.ആര്‍ എസ് എസ് ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ത്രിദിന പ്രഭാഷണപരമ്പരയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘത്തിന്റെ ഉയര്‍ച്ചയുടെ പ്രക്രിയ മന്ദഗതിയിലാണ്. അദേ സമയം സുദീര്‍ഘവുമാണ്. നിലയ്ക്കാതെ അത് ഇപ്പോഴും തുടരുകയാണ്. സംഘം ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതിന്റെ സാരാംശം ‘വസുധൈവ കുടുംബകം’ എന്നതാണ്.
ക്രമാനുഗതമായ ഈ വികാസത്തില്‍, സംഘം ഗ്രാമത്തെയും സമാജത്തെയും രാഷ്ട്രത്തെയും സ്വന്തമാണെന്ന് കണക്കാക്കുന്നു. സംഘ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്വയംസേവകരാണ് നടത്തുന്നത്. അവര്‍ തന്നെയാണ് പുതിയ പ്രവര്‍ത്തകരെ തയ്യാറാക്കുന്നതും, മോഹന്‍ ഭാഗവത് പറഞ്ഞു. രാഷ്ട്രത്തിന്റെ നിര്‍വചനം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. നമ്മള്‍ പാരതന്ത്ര്യത്തിലമര്‍ന്നിരുന്നപ്പോഴും രാഷ്ട്രം ഉണ്ടായിരുന്നു. ‘നേഷന്‍’ എന്ന ഇംഗ്ലീഷ് പദം ‘സ്റ്റേറ്റ്’ എന്നതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാരത രാഷ്ട്രം എന്ന ആശയം അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

