ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി സംഘം തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി സ്വർണ്ണമാലയും പണവും കവർന്ന ശേഷം കനാലിൽ തള്ളിയത്.ഗുരുതര പരിക്കേറ്റ ജോഫിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കഴിഞ്ഞദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വിദേശത്തുനിന്നും എത്തിയ ജോഫിൻ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. ആളൊഴിഞ്ഞ ഭാഗത്തുവച്ച് പിന്നാലെയെത്തിയ സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.തുടർന്ന് ജോഫിൻ ധരിച്ചിരുന്ന പവന്റെ സ്വർണ്ണമാലയും കൈവശമുണ്ടായിരുന്ന പണവും കവർന്ന അക്രമികൾ, ബോധരഹിതനായ അദ്ദേഹത്തെ സമീപത്തെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പരിക്കേറ്റു കനാലിൽ കിടന്ന ജോഫിനെ പിന്നീട് അതുവഴിയെത്തിയവരാണ് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോഫിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. നഗരത്തിൽ രാത്രികാലങ്ങളിൽ പ്രവാസികൾക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം സംഭവത്തെ തുടർന്നു ശക്തമായിട്ടുണ്ട്.

