മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്മാന്റെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒ ജെ ജനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു.സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും, 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടത്തിയില്ലെന്നും, മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസീജ്യർ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.126 കോടി നഷ്ടപ്പെട്ട സ്പോൺസർ അത് തിരിച്ചു കിട്ടാൻ എന്ത് ചെയ്തു, എന്തുകൊണ്ട് പരാതി നൽകിയില്ല തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച മന്ത്രി, സ്പോൺസറെ തെരഞ്ഞെടുത്തത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഒന്നും ഫയലുകളിൽ ഇല്ലെന്നും, ലാഭ വിഹിതം ആർക്ക് പോകും എന്നതിൽ വ്യക്തതയില്ലെന്നും കൂട്ടിച്ചേർത്തു. മുൻമുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അബ്ദുറഹ്മാന്റെ വിദേശയാത്രയെന്നത് പരിശോധിച്ച് പറയണമെന്നും സ്വാഭാവികമായും അറിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

