29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും.സമാപന ദിവസമായ ഇന്ന് സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’മുഖ്യമന്ത്രി സമ്മാനിക്കും. സുവര്‍ണ ചകോരം, രജത ചകോരം, കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും.
റവന്യുവകുപ്പ് മന്ത്രി കെ രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകരായ സെര്‍ജി അവേദികന്‍, നോറ അര്‍മാനി എന്നിവരെ ആദരിക്കും. 2024 ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കെ രാജന്‍, വി കെ പ്രശാന്ത് എം.എല്‍.എ എന്നിവര്‍ നല്‍കും.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.