എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്. ജെക്ക്സ് ബിജോയ് പാടിയ ഗാനത്തിലെ റാപ്പ് ഭാഗം പാടിയത് ആനന്ദ് ശ്രീരാജാണ്.ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തിൽ മോഹൻലാലിന്റെ തകർപ്പൻ ഫൈറ്റ് സീൻ തന്നെയാണ് പ്രധാന ആകർഷണ ഘടകം. സംഗീത സംവിധായകൻ ദീപക്ക് ദേവിനൊപ്പം സ്റ്റുഡിയോയിൽ ഗാനം ആലപിക്കുന്ന ജെക്ക്സ് ബിജോയിയേയും ആനന്ദ് ശ്രീരാജിനെയും കാണാം.ദി ജംഗിൾ പൊളി – കടവുളെ പോലെ റീപ്രൈസ്’ എന്ന പേരിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. എമ്പുരാന്റെ റിലീസിന് മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് ‘ജംഗിൾ പൊളി’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെ, ‘ഡബ്ബ് ചെയ്തു കഴിഞ്ഞപ്പോൾ ചിത്രത്തിലെ മറ്റു ചില രംഗങ്ങളും കണ്ടു എന്നും പൃഥ്വിരാജ് ജംഗിൾ പൊളിയാണ് പൊളിച്ചിരിക്കുന്നത്’ എന്നാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്.തിയറ്ററുകളിൽ ആരാധകരെ ആവേശത്തിൽ ആറാടിച്ച രംഗം യൂട്യൂബിൽ റിലീസ് ചെയ്തപ്പോഴും കമന്റ് ബോക്സിൽ അഭിനന്ദന പ്രവാഹമാണ്. വേൾഡ് വൈഡ് ആയി 250 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ എമ്പുരാൻ ഇതിനകം ഇൻഡസ്ട്രി ഹിറ്റ് എന്ന ചരിത്രനേട്ടം കൈവരിച്ചിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.