വടകര ചോറോട് കാറിടിച്ച് 9 വയസുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസിൽ കാറോടിച്ച പ്രതി ഷജീലിന് കോടതി ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജാമ്യം ലഭിച്ചു. കോയമ്പത്തൂരിൽ വിമാനം ഇറങ്ങി പൊലീസ് ചെലവിൽ വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു. വാഹനാപകട നിയമങ്ങളിൽ മാറ്റം വരണമെന്നും കുടുംബം ആവശ്യപ്പെട്ടു.ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. എന്നാൽ സാമ്പത്തിക നില അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കണ്ണൂരിൽ വീടുണ്ടെങ്കിലും വാടകയ്ക്ക് കോഴിക്കോട്ട് തങ്ങുകയാണ്. തുടർചികിത്സയ്ക്കായി വൻ ചെലവ് വേണ്ടിവരും. വെല്ലൂരിൽ ഒരു മാസത്തിൽ അഞ്ചുലക്ഷത്തിനുമേൽ ചെലവുണ്ട്. മറ്റ് സ്വകാര്യ ആശുപത്രിയിലും വലിയ ചെലവ് വേണ്ടിവരും. സർക്കാരിൽ നിന്നും ചികിത്സാ സഹായം ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു