ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം ഓസ്ട്രേലിയയിൽ വരുന്നു. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ മെൽബണിലാണ് ക്ഷേത്രം നിർമിക്കുന്നത്. തെക്കുകിഴക്കൻ ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയുടെ തീരദേശ തലസ്ഥാനമാണ് മെൽബൺ. അയ്യപ്പഭക്തരുടെ കൂട്ടായ്മയായ മെൽബൺ അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷേത്ര നിർമാണം.ക്ഷേത്ര നിർമാണത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായ ദൈവജ്ഞരത്നം സുഭാഷ് ഗുരുക്കളുടെ നേതൃത്വത്തിലും ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ, പോത്തൻകോട് കേശവൻ ജോത്സ്യർ എന്നിവരുടെ സാന്നിധ്യത്തിലും അഷ്ടമംഗല ദേവപ്രശ്നം നടന്നു. തമിഴ്നാട് അയ്യപ്പ മെഡിക്കൽ മിഷൻ ആൻഡ് ചാരിറ്റീസ് സെക്രട്ടറി പ്രകാശ് കോയമ്പത്തൂർ, പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി രഞ്ജിത്ത് വർമ്മ എന്നിവരും പ്രശ്നചിന്തയിൽ പങ്കെടുത്തിരുന്നു.ക്ഷേത്ര നിർമ്മാണത്തിനായി പത്തേക്കറോളം ഭൂമി ഏറ്റെടുത്തതായാണ് വിവരം. അയ്യപ്പസ്വാമിയുടെ മഹാക്ഷേത്രത്തിനൊപ്പം ശ്രീ നരസിംഹമൂർത്തിയുടെ ക്ഷേത്രവും വേദപാഠശാലയും ഗോശാലയും അഞ്ചുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അഷ്ടമംഗലപ്രശ്നചിന്തയിൽ പറഞ്ഞു.