തിരുവനന്തപുരം മെട്രോയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി (CMP) ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) സംസ്ഥാന സർക്കാർ വിശദീകരണം തേടി. ഔദ്യോഗിക ആശയവിനിമയ ചട്ടങ്ങൾക്ക് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.തിരുവനന്തപുരം മെട്രോ പദ്ധതിക്കായി പുതുക്കിയ സി.എം.പി സമർപ്പിച്ചുവെന്ന തരത്തിൽ കെ.എം.ആർ.എല്ലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, എട്ട് മാസത്തിലധികമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സി.എം.പി പുതുക്കി നൽകിയിരുന്നില്ല. ഇതിനിടയിലാണ് പുതുക്കിയ രേഖ നൽകിയെന്ന് കൊച്ചി മെട്രോ കമ്പനി ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടത്. നിലവിൽ കെ.എം.ആർ.എൽ നൽകിയിരിക്കുന്ന സി.എം.പി പ്രകാരം തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ല. സി.എം.പിക്കായി 20 ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്ര മാനദണ്ഡമെങ്കിലും, തിരുവനന്തപുരം മെട്രോയ്ക്കായി കെ.എം.ആർ.എൽ തയാറാക്കിയ സി.എം.പിയിൽ 16 ലക്ഷം പേരുടെ ജനസംഖ്യയാണ് കാണിച്ചിട്ടുള്ളത്.അതേസമയം, നിലവിലെ കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന ഒഴിവിലേക്ക് പുതിയ എം.ഡിയെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാണ്. മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെയും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം. ബീനയുടെയും പേരുകളാണ് കൊച്ചി മെട്രോ എം.ഡി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്.

