കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ ആർത്തവ അവധി രണ്ടുദിവസത്തേക്ക് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നൽകിയ നിവേദനത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.കെഎസ്ആർടിസിയെയും, ഹർജിക്കാരെയും കേട്ട ശേഷം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടത്.കെഎസ്ആർടിസിയിലെ കണ്ടക്ടർമാരായ എസ്എസ് ആശ, എസ് ശ്രീന, എം സജല എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്ക് അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നൽകാനുള്ള നയത്തിന് സർക്കാർ രൂപം നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാരുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.കർണാടക സർക്കാർ മാസം തോറും ഒരു ദിവസം ആർത്തവ അവധി അനുവദിച്ചിട്ടുള്ള കാര്യവും ഹർജിക്കാർ തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

