*വി മുരളീധരൻ മാപ്പ് പറയണം :ബിനോയ് വിശ്വം.*മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസ്സാരവത്കരിച്ച് പ്രസ്താവന നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരനും സംസ്ഥാന ബി ജെ പി നേതൃത്വവും കേരള ജനതയോട് മാപ്പു പറയണമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.മനുഷ്യത്വ രഹിതമായ ഒരു രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ആ പ്രസ്താവന. എന്തുകൊണ്ടാണ് നരേന്ദ്ര മോഡി സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നതെന്ന ചോദ്യത്തിനും ഉത്തരമാണ് മുരളീധരന്റെ പ്രസ്താവന. വയനാട്ടിൽ ഓടിയെത്തി വാഗ്ദാനങ്ങൾ വാരിവിതറിയ നരേന്ദ്ര മോഡിയും മാപ്പുപറയണം.വയനാട്ടിലെ ജനങ്ങൾക്ക് സഹായം നൽകേണ്ട ആവശ്യമില്ലെന്ന് കത്തെഴുതിയ കേന്ദ്രമന്ത്രിയുടെയും ബി ജെ പിയുടെയും മനസിലിരിപ്പാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവന്നത്. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ നോക്കിക്കാണുന്ന ആശയക്കാർക്ക് നീചമായ ഇത്തരം നിലപാടെ കൈക്കൊള്ളാൻ കഴിയുകയുള്ളു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ ബാങ്കുകളിലെ കടം 15.40 കോടിയാണ്. സംസ്ഥാന സർക്കാർ ബാങ്കുകളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ കടം എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറായിരുന്നു. ഇത് സംബന്ധിച്ച റിസർവ് ബാങ്കിന്റെ അനുമതി കിട്ടാത്തതിന് പിന്നിലും ബി ജെ പിയുടെ ഇടപെടൽ സംശയിക്കേണ്ടിയിരിക്കുന്നു .ദുരന്ത മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ കണ്ടെത്തിയ രണ്ട് തോട്ടങ്ങളുടെ ഉടമകൾ സ്ഥലമെടുപ്പിനെതിരെ കോടതിയെ സമീപിച്ചതിലും ഇടപെടൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിനോയ് വിശ്വം പറഞ്ഞു. ദുരന്തം സംബന്ധിച്ച സകല വിവരങ്ങളും കേന്ദസർക്കാരിനു കൈമാറി കഴിഞ്ഞു.കേന്ദ്ര സഹായം സംബന്ധിച്ച് ചോദ്യം ഉയരുമ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിലെ ഫണ്ടിനെ കുറിച്ച് ചോദ്യം ഉയർത്തുന്നത് സഹായം നിഷേധിക്കാനുള്ള പുകമറ സൃഷ്ടിക്കാനാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന ബി ജെ പിയുടെയും കേരള വിരുദ്ധ നിലപാടിനെതിരെ പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതും. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടി കുഴയ്ക്കാത്ത രാഷ്ട്രീയത്തിന്റെ സ്ഥാനാർത്ഥിയാണ് സരിൻ. മറ്റു തരത്തിലുള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളയും.പാലക്കാട്ട് ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.