ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണം.ദേശീയപാത 544, മെഡിക്കൽ കോളജ് റോഡ്, സീ പോർട്ട്–എയർപോർട്ട് റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും നിയന്ത്രണം ഉണ്ടാകുക.കളമശേരി എസ്‌സിഎംഎസ് ജംക്‌ഷൻ മുതൽ ടിവിഎസ് ജംക്‌ഷൻ വരെയുള്ള ദേശീയപാത 544-ലും മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്‌ഷൻ മുതൽ തോഷിബ ജംക്‌ഷൻ വരെയും നിയന്ത്രണമുണ്ടാകും.സീ പോർട്ട്–എയർപോർട്ട് റോഡിൽ തോഷിബ ജംക്‌ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണം ബാധകമായിരിക്കും.ആലുവയിൽനിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് യു.സി. കോളജ് ജംക്‌ഷനിലെത്തണം.ഇവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കടുങ്ങല്ലൂർ–മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിൽ പ്രവേശിക്കണം.തുടർന്ന് ചേരാനല്ലൂർ ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽനിന്ന് തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾപള്ളിക്കര–കരിമുകൾ–അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംക്‌ഷനിലെത്തണം.
പാർക്കിങ്ങിനും വഴിയോര കച്ചവടത്തിനും നിയന്ത്രണം
കളമശേരി എസ്‌സിഎംഎസ് ജംക്‌ഷൻ മുതൽ ടിവിഎസ് ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിലും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളജ് റോഡ്, സീ പോർട്ട്–എയർപോർട്ട് റോഡിലെ തോഷിബ ജംക്‌ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള റോഡുകളിലും ഇരുവശങ്ങളിലും വാഹന പാർക്കിങ് അനുവദിക്കില്ല.ഈ ഭാഗങ്ങളിൽ വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ടാകും.ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.നിയന്ത്രണം നിലവിലുള്ള സമയത്ത് യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കുകയും യാത്രയ്ക്ക് കൂടുതൽ സമയം കണക്കാക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

