കള്ളപ്പണകേസ് ഒതുക്കാൻ എൻഫോഴ്സസ്മെൻ്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചെന്ന കേസിൽ ഇനിയും കൂടുതൽ നടപടിയെടുക്കാതെ സംസ്ഥാന വിജിലൻസ്.ഒന്നാംപ്രതിയാക്കിയ ഇഡി അസിസ്റ്റൻ്റ് ഡയറക്‌ടർ ശേഖർ കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങൾപോലും വിജിലൻസ് തുടങ്ങിയില്ല. ഇഡി കൊച്ചി ഓഫീസിനെ കേസ് സംബന്ധമായി ബന്ധപ്പെട്ടിട്ടുമില്ല. അനീഷിന്റെ ഭാര്യ ‘ഏജന്റ്’ മുകേഷിനെ കണ്ടുവെന്നതിന്റെ ദൃശ്യങ്ങൾ ഇഡി ഓഫീസിലെ സിസിടിവിയിൽനിന്ന് തെളിവായി ശേഖരിക്കാനായാൽ കേസ് കൂടുതൽ ബലപ്പെടും. എന്നാൽ ഈ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടിയും ഇതുവരെയുണ്ടായിട്ടില്ല.
കസ്റ്റഡിയിൽവാങ്ങിയ മൂന്നുപ്രതികളുടെയും കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാൻ വിജിലൻസ് വൈകുന്നത് എന്നതിനാണ് ഉത്തരം വേണ്ടത്. തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ‘ഏജന്റുമാരായ തമ്മനം സ്വദേശി വിൽസണെയും മുകേഷ് കുമാറിനെയും ചാർട്ടേഡ് അക്കൗണ്ടന്റ്റ് രഞ്ജിത്ത് വാര്യരെയും അറസ്റ്റുചെയ്തതെന്ന് വിജിലൻസ് എസ്.പി. എസ്. ശശിധരൻ പറയുന്നു. എന്നാൽ, ശേഖർ കുമാറിനെതിരേ ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർക്കെതിരേ തെളിവുകൾ ശേഖരിച്ചശേഷമേ ഇഡിയെ ഔദ്യോഗികമായി സമീപിക്കൂ എന്നുമാണ് സൂചന.