കോട്ടയം ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ നാല് പ്രതികളാണ് പിടിയിലായത്.കേസില്‍ ആകെ 15 പ്രതികളാണുള്ളത്. പശ്ചിമബംഗാള്‍ സ്വദേശി ബകീർ മണ്ടോള്‍, കോട്ടയം വേളൂർ സ്വദേശി മിഥില്‍രാജ്, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഇരുവരും മലയാളികളാണ്.ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിനടത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം നടന്നത്. 15 അംഗ സംഘമാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയത്. ക്യാമ്പിലുണ്ടായിരുന്നത് 33 തൊഴിലാളികള്‍. ഇവരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

