ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഐ.പി.എസ് ട്രെയിനി ചമഞ്ഞ് പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ.വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി.അജയനെ(22)യാണ് കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സോഷ്യൽ മീഡിയ വഴി ഐപിഎസ് ട്രെയിനി ചമഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്.ഇത്തരത്തിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പ്രണയിക്കുന്നതായി നടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.തട്ടിപ്പ് തിരിച്ചറിഞ്ഞ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന്, കോട്ടയം ഡിവൈഎസ്.പി കെ.ജി അനീഷിൻ്റെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസ്, എസ് ഐ വിഎസ് ഗിരീഷ് കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി കെ രൂപേഷ് , അരുൺകുമാർ, സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ ഐപിഎസ് ട്രെയിനി എന്ന പേരിൽ ഇയാൾ എത്തിയിരുന്നു. ആറു മാസം മുൻപ് കൈതേപ്പാലം ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഇയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് കേസുകളിൽ ഇടനില നിന്ന് ഐപിഎസ് കാരൻ എന്ന പേരിൽ വാഹനം തട്ടിയിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സംഭവത്തിലും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

