പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് പരമ്പരാഗത ചുടുകല്ല് അടുപ്പുകൾക്ക് പകരം സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശത്തിൽ നിന്ന് പിന്നോട്ട് പോയി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം ക്ഷേത്ര ട്രസ്റ്റിന്റേതും ഭക്തജനങ്ങളുടേതുമാണെന്നും മേയർ വ്യക്തമാക്കി. പൊങ്കാലയ്ക്ക് ഏതുതരം അടുപ്പ് ഉപയോഗിക്കണമെന്നതും ആചാരാനുഷ്ഠാനങ്ങൾ എങ്ങനെ പാലിക്കണമെന്നതും ക്ഷേത്ര ഭാരവാഹികളാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളിൽ ഇടപെടാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നില്ലെന്നും മേയർ പറഞ്ഞു.പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യനിർമാർജന ചെലവും പൊടിശല്യവും കുറയ്ക്കുന്നതിനായാണ് പുനരുപയോഗിക്കാവുന്ന സ്റ്റീൽ അടുപ്പുകൾ എന്ന ആശയം മേയർ മുന്നോട്ടുവച്ചത്. കഴിഞ്ഞ പൊങ്കാലയ്ക്കുശേഷം ചുടുകല്ലുകൾ നീക്കം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി 12 ലക്ഷം രൂപ ചെലവായെന്നാണ് കോർപ്പറേഷന്റെ കണക്ക്. എന്നാൽ പരമ്പരാഗത രീതിയിൽ ചുടുകല്ലും മൺകലവും ഉപയോഗിച്ച് പൊങ്കാല സമർപ്പിക്കുന്നതാണ് ആചാരമെന്ന് വ്യക്തമാക്കി ക്ഷേത്ര ട്രസ്റ്റ് നിർദേശത്തെ എതിർത്തിരുന്നു.2027 ഫെബ്രുവരി 22ന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കുള്ള മുന്നൊരുക്കങ്ങൾ കോർപ്പറേഷൻ ആരംഭിച്ചതായും മേയർ അറിയിച്ചു. കുടിവെള്ള വിതരണം, സുരക്ഷ, ശുചീകരണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. കഴിഞ്ഞ പൊങ്കാലയ്ക്കിടെ ചിലയിടങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം ആവർത്തിക്കാതിരിക്കാൻ വാട്ടർ അതോറിറ്റിയുമായി ചർച്ച നടത്തിയതായും ഇതിനായി പ്രത്യേക യോഗം ചേരുമെന്നും മേയർ വ്യക്തമാക്കി.

