മുംബൈയിൽ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരൻ മരിച്ചു. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.അയൽവാസിയായ പെൺകുട്ടിക്കൊപ്പം ഫ്ലാറ്റിന്റെ ഇടനാഴിയിൽ കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ മിലിത് ബാലൻസ് തെറ്റി തുറന്നുകിടന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ അഗ്നിരക്ഷാ സംവിധാനത്തിന്റെ പൈപ്പിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടാഴ്ച മുൻപാണ് മിലിത്തിന്റെ അമ്മ മരിച്ചത്. അമ്മയുടെ മരണത്തെത്തുടർന്ന് കുട്ടിയെ മഹാബലേശ്വറിലെ ബോർഡിങ് സ്കൂളിൽ ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പിതാവ്. ഇതിനിടെയാണ് കുടുംബത്തെ വീണ്ടും ദുരന്തം വേട്ടയാടിയത്.2025 ജൂലൈയിൽ ഇതേ പാർപ്പിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരിയും മരിച്ചിരുന്നു. ഇതേത്തുടർന്ന് ജനാലകളിൽ സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് താമസക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കെട്ടിട നിർമാതാക്കൾ അവഗണിച്ചെന്നാണ് ആരോപണം. സംഭവത്തിൽ നായ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

