ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലവിലുള്ള സീറ്റുകളുടെ അനുപാതത്തിൽ 50 ശതമാനം വർധന അനുവദിക്കാനാണ് നിർദേശം. ബിൽ പാസായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയും നിയമസഭാ സീറ്റുകളുടെ എണ്ണം 140ൽ നിന്ന് 210 ആയും ഉയരും. ലോക്‌സഭയുടെ പരമാവധി അംഗബലം 850 ആക്കാനും നിർദേശമുണ്ട്.
വനിതകൾക്കായി സംവരണം ചെയ്യുന്ന മണ്ഡലങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഇതിനുള്ള മാനദണ്ഡങ്ങൾ മണ്ഡല പുനർനിർണയ കമ്മീഷൻ തീരുമാനിക്കും. 2011ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുക. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം 2051ന് ശേഷമുള്ള ജനസംഖ്യാ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതുവരെ നിലനിർത്താനും വ്യവസ്ഥയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. വിവിധ സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകൾ കൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാർ 132-ാം ഭരണഘടനാ ഭേദഗതി ബില്ലും പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലും കൊണ്ടുവരുന്നത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ വനിതാ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

