സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നതായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമുള്ള ഒരു സമുദായത്തിന് സുപ്രീംകോടതിയിൽ 40 ശതമാനത്തിലേറെ പ്രാതിനിധ്യമുണ്ടെന്നാണ് ഗവായിയുടെ ആരോപണം. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കോടതികളിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവായ് കത്തയച്ചു.
പട്ടികജാതി, പട്ടികവർഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജുഡീഷ്യറിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഗവായ് ചൂണ്ടിക്കാട്ടി. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിനും കൈമാറിയിട്ടുണ്ട്.2018 മുതൽ നിയമിതരായ 715 ഹൈക്കോടതി ജഡ്ജിമാരിൽ 22 പേർ മാത്രമാണ് പട്ടികജാതി വിഭാഗത്തിൽനിന്നുള്ളത്. പട്ടികവർഗ വിഭാഗത്തിൽനിന്ന് 16 പേരും ഒബിസി വിഭാഗത്തിൽനിന്ന് 89 പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് 37 പേരുമാണ് നിയമിതരായത്. 2021 ജനുവരി മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 80 ശതമാനത്തോളമാണെന്നും കത്തിൽ പറയുന്നു.ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ ശുപാർശ പ്രധാനമാണെങ്കിലും സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കാണെന്നും ഗവായ് ചൂണ്ടിക്കാട്ടി. നിയമനങ്ങളിൽ സാമൂഹികനീതിയും വിവിധ വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്നാണ് ഗവായിയുടെ ആവശ്യം.

