സൈന്യത്തിലെ പ്രധാന പോസ്റ്റുകള്‍ അലങ്കരിക്കുന്ന വനിത ഓഫീസര്‍മാര്‍ക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ആര്‍മി ജനറലിന്റെ കത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതീവ പ്രാധാന്യമുള്ള കിഴക്കന്‍ സെക്ടറിലെ സൈനിക യൂണിറ്റുകളെ നയിക്കുന്ന വനിത കമാന്‍ഡിങ് ഓഫീസര്‍മാരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം വരെ എടുത്ത് പറഞ്ഞുള്ള കത്ത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് പുരിയാണ് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാം ചന്ദര്‍ തിവാരിക്ക് കത്ത് എഴുതിയിരിക്കുന്നത്. അഞ്ച് പേജുള്ള കത്തില്‍ ഓപ്പറേഷന്‍ യൂണിറ്റുകളിലെ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളാണ് പരാമര്‍ശിച്ചിട്ടുള്ളത്. കീഴ് ഉദ്യോഗസ്ഥരോട് സഹാനുഭൂതിയില്ലാതെയുള്ള പെരുമാറ്റം മുതല്‍ വനിത ഓഫീസര്‍മാരുടെ താന്‍പോരിമ വരെ ചൂണ്ടിക്കാട്ടുന്നതാണ് കത്ത്.