കഴിഞ്ഞദിവസം അന്തരിച്ച കൊച്ചി കോർപ്പറേഷന്റെ മുൻ ഡെപ്യൂട്ടി മേയർ എവറസ്റ്റ് ചമ്മണിയെക്കുറിച്ച് കൊച്ചിമേയറും പ്രമുഖ സി പി എം നേതാവുമായ എം അനിൽകുമാർ എഴുതിയ ഫേസ് ബുക്ക് ലേഖനം ശ്രദ്ധേയമായി.
ഫേസ് ബുക്ക് ലേഖനത്തിൻ്റെ പൂർണ്ണരൂപം വായിക്കാം
ശ്രീ എവറസ്റ്റ് ചമ്മിണി നമ്മെ വിട്ടുപിരിഞ്ഞു.എറണാകുളത്തെ CPIM പ്രവർത്തകരായ എന്നെപ്പോലെയുള്ളവർക്ക് എവറസ്റ്റ് ചമ്മിണി എന്ന കോൺഗ്രസ് നേതാവിന്റെ ഇടതുപക്ഷത്തേക്കുള്ള വരവും സജീവതയും പിന്നീട് ബിസിനസിലേക്ക് തിരിച്ചു പോയതും ഒക്കെ ഒരുപാട് പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്. 1979 ലാണ് ഇടതുപക്ഷം നഗരസഭാ ഭരണം പിടിക്കുന്നത്. ശ്രീ കെ ബാലചന്ദ്രൻ മേയറാകുന്നു. അതു വരെ കൊച്ചി ഭരിച്ചിരുന്നത് കോൺഗ്രസ്സാണ്. കലൂരിലെ ഭൂപ്രഭുവും പ്രതാപിയുമായിരുന്ന ഫ്രാൻസിസ് ചമ്മിണി ( ചമ്മിണി ചീക്കു )യുടെ മകനായിരുന്നു ശ്രീ. എവറസ്റ്റ് ചമ്മിണി . കലൂർ പ്രദേശം മുഴുവനും അവരുടെ പരമ്പരാഗത സമ്പത്ത് ആയിരുന്നു ശ്രീ എവറസ്റ്റ് ചമ്മിണിയും എൻ്റെ സഹപ്രവർത്തകയും ഏറെ അടുപ്പമുള്ള ആളുമായ ശ്രീമതി വിന്നി എബ്രഹാമും കോൺഗ്രസ് നേതാക്കന്മാരിൽ എന്നും ഊർജ്ജവും തണലും ആയിരുന്നു പ്രവർത്തകർക്ക്. 1982 ൽ ശ്രീ. പി സി ചാക്കോ കോൺഗ്രസ് എസിൽ നിന്നും ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. 1982 ലെ തിരഞ്ഞെടുപ്പ് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ചർക്ക ആയിരുന്നു ശ്രീ. പി സി ചാക്കോയുടെ ചിഹ്നം. അന്ന് എൻ്റെ വീട്ടിൻ്റെ മുൻപിൽ ഉള്ള പൂന്തോട്ടത്തിന്റെ ഒരു മൂലയിൽ ഒരു കോൺക്രീറ്റ് കെട്ടിടം ഉണ്ടായിരുന്നു. അന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ തന്നെ അപൂർവമാണ് . ആ കെട്ടിടത്തിലാണ് കോർപ്പറേഷൻ ബാങ്ക് പ്രവർത്തിച്ചിരുന്നത്. ആ കെട്ടിടം മുഴുവനും അന്ന് ചർക്ക ആലേഖനം ചെയ്ത പോസ്റ്റർ ഒട്ടിച്ചു . ഏറ്റവും കൂടുതൽ പോസ്റ്റർ എറണാകുളത്തുകാർ കണ്ട തിരഞ്ഞെടുപ്പ് ആയിരുന്നു 1982 ലെ പി. സി ചാക്കോയുടെ തിരഞ്ഞെടുപ്പ് . എനിക്ക് ഓർമ്മവയ്ക്കുന്ന കാലമാണെങ്കിലും ഉള്ളിന്റെയുള്ളിൽ പി സി ചാക്കോ ജയിക്കണമെന്നുണ്ടായിരുന്നു. കാരണം 1980 ൽ എ ഗ്രൂപ്പിനെ കൂടെ കൂട്ടി മിന്നുന്ന പ്രകടനമാണ് എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയത്. സഖാവ് കെ എൻ രവീന്ദ്രനാഥ് കപ്പിനും ചുണ്ടിനും ഇടയിലാണ് പരാജയപ്പെട്ടത്. 1982 ലെ തിരഞ്ഞെടുപ്പിൽ ശ്രീ. പി സി ചാക്കോ മിന്നുന്ന പ്രകടനം തുടർന്നു . ശ്രീ. പി സി ചാക്കോ കഴിഞ്ഞദിവസം തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടപ്പോൾ എന്നോട് പറഞ്ഞ കാര്യം ” ഞാൻ മത്സരിച്ച ഏറ്റവും നല്ല തിരഞ്ഞെടുപ്പ് എറണാകുളം മണ്ഡലത്തിൽ 1982 ലെ തെരഞ്ഞെടുപ്പാണ്. എൻ്റെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത് ശ്രീ. കെ ബാലചന്ദ്രനാണ്. ഒരു സ്ഥാനാർഥി എന്ന നിലയിൽ രാവിലെ ഷർട്ടും മുണ്ടും മാത്രം ഉടുത്തു വന്നാൽ മതി.ബാക്കി രാത്രി അവസാനിക്കുന്നതു വരെ സ്ഥാനാർത്ഥിക്ക് യാതൊരു അലോസരവും ഇല്ലാതെ വോട്ടു പിടിച്ചാൽ മാത്രം മതി എല്ലാം കെ ബാലചന്ദ്രൻ നോക്കിക്കോളും. ഞാൻ പിന്നീട് കോൺഗ്രസ് പാർട്ടിയുടെ ഭാഗമായി എത്രയോ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പക്ഷെ കെ ബാലചന്ദ്രനെ പോലെ ഒരു നേതാവിനെയും അക്കാലത്ത് ഏറ്റവും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകരെയും പിന്നീട് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ല “. സി പി ഐ എമ്മിൻ്റെ രാഷ്ട്രീയ ബോധ്യങ്ങൾക്കും സംഘടനാ വൈഭവത്തിനും ഇന്ത്യയിലെ തന്നെ പരിചയസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവിൻ്റെ സർട്ടിഫിക്കറ്റായിരുന്നു. ഒരിക്കൽ മേയറായിരുന്ന ശ്രീ. ടോണി ചമ്മിണിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രി ശ്രീ. മൻമോഹൻ സിംഗിനെ കൊച്ചിക്ക് മെട്രോ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കാണാൻ ചെല്ലുമ്പോൾ, പി സി ചാക്കോ ഇതേ അഭിപ്രായം ശ്രീ. ബാലചന്ദ്രനെക്കുറിച്ചും, ശ്രീ. കെ ജെ ജേക്കബിനെ കുറിച്ചും അദ്ദേഹത്തിൻ്റെ തന്നെ സാന്നിധ്യത്തിൽ പാർലമെൻ്റ് അംഗങ്ങളോട് വിശദീകരിച്ചത് ഞാൻ അഭിമാനത്തോടെ ഓർക്കുന്നു. 1987 ലെ തിരഞ്ഞെടുപ്പിൽ എത്തിയപ്പോൾ ആദരണീയനായ മുൻ മന്ത്രി ശ്രീ. എ എൽ ജേക്കബ് വന്ദ്യ വയോധികനായി എങ്കിലും മതസരിച്ചു. അന്ന് നിയമസഭാ സീറ്റ് ലഭിക്കുമെന്ന് ന്യായമായി പ്രതീക്ഷിച്ച എവറസ്റ്റ് ചമ്മിണിക്ക് സീറ്റ് നിഷേധിച്ചു. അദ്ദേഹം കോൺഗ്രസ് റിബലായി സ്വതന്ത്രനായി മത്സരിച്ചു. പ്രൊഫസർ എം കെ സാനു മാഷ് “മയിൽ” ചിഹ്നത്തിൽ മത്സരിച്ചു. അന്നും ഞാൻ സ്കൂൾ വിദ്യാർത്ഥിയാണ്. പക്ഷെ 1980 ൽ അരിവാൾ ചുറ്റിക നക്ഷത്രത്തോട് തോന്നിയ പ്രതിബദ്ധത 1987ലും ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം അല്ലെങ്കിലും മയിൽ ആണെങ്കിലും ജയിക്കണം എന്ന വികാരം എന്നിൽ അലയടിച്ചു. സ്കൂൾ വിട്ടു വന്നശേഷം ഏഴര മണിക്കാണ് എന്ന് തോന്നുന്നു പഴയ ട്രാൻസിസ്റ്റർ റേഡിയോയിൽ
സാനു മാഷിൻ്റെ വിജയം എനിക്ക് സ്കൂളിൽ ഒന്നാം റാങ്ക് കിട്ടിയത് പോലെ ഞാൻ അച്ഛനോടൊപ്പം ആഘോഷിച്ചു. ശ്രീ. എവറസ്റ്റ് ചമ്മിണി പിടിച്ച 10,000 ത്തോളം വോട്ടുകൾ ആണ് സാനുമാഷിനെ പോലെ ആദരണീയനായ വ്യക്തിത്വത്തിന് എറണാകുളം പിടിച്ചടക്കാനുള്ള അവസരം ഒരുക്കിയത്.
1991 ൽ ശ്രീ. എവറസ്റ്റ് ചമ്മിണി തീർത്തും ഇടതുപക്ഷക്കാരനായി മത്സരിച്ചു. ഇടതുപക്ഷ സ്വതന്ത്രനായി തെങ്ങ് അടയാളത്തിലാണ് മത്സരിച്ചത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെ വിറപ്പിച്ച മത്സരം ആയിരുന്നു അത്. ശ്രീ. പി.സി ചാക്കോയും എവറസ്റ്റ് ചമ്മണിയും ആണ് പഴയ എറണാകുളം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥികൾ . സാനു മാഷിനെക്കാൾ വോട്ട് അന്ന് എവറസ്റ്റ് ചമ്മിണിക്ക് കിട്ടി. 44000 ൽ അധികം വോട്ടുകൾ. 51000 വോട്ട് ശ്രീ. ജോർജ് ഈഡൻ പിടിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് തോൽക്കുമായിരുന്നു. കോൺഗ്രസിന്റെ ചരിത്രത്തിൽ 50000 ൽ ഏറെ വോട്ട് നേടിയത് ശ്രീ. ജോർജ് ഈഡനും മകൻ ഹൈബി ഈഡനും ആണ്. മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും 45000 ൽ അധികം വോട്ട് ഉണ്ടായിരുന്നില്ല എന്നതും കാണണം. രാജീവ് ഗാന്ധിയുടെ മരണത്തിൻ്റെ സഹതാപ തരംഗം കൂടി ഉള്ളതുകൊണ്ടാണ് അന്ന് ശ്രീ. ജോർജ് ഈഡൻ അത്രയും വോട്ടുകൾ സമാഹരിച്ചത്. കേവലം 7000 വോട്ടിനാണ് ചമ്മിണി തോറ്റത്. 1982 ലും ചെറിയ ഭൂരിപക്ഷത്തിലാണ് പി സി ചാക്കോ തോറ്റത്. 1987 ൽ എൽഡിഎഫ് ജയിക്കുകയും ചെയ്തു. 1996 ൽ സ. വി ബി ചെറിയാൻ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ സിപിഐഎമ്മിന്റെ ഏറ്റവും ഉയർന്ന വോട്ട് നേടി. 39000 ൽ അധികം വോട്ട് സ്വന്തം ചിഹ്നത്തിൽ. അന്നും ജോർജ് ഈഡൻ 50000 വോട്ട് പിടിച്ചു 10000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പക്ഷേ സിപിഐഎമ്മിന്റെ പ്രകടനം മിന്നുന്നതായിരുന്നു. അങ്ങനെ 1979 മുതൽ തുടങ്ങിയ മുന്നേറ്റം തൊട്ടടുത്ത നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ ലിനോ ജേക്കബിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നത് വരെ തുടർന്നു. അസംബ്ലിയിൽ പരാജയപ്പെട്ടെങ്കിലും 1996 ൽ പഴയ കോൺഗ്രസുകാരൻ ആയിരുന്ന ശ്രീ. സേവ്യർ അറക്കൽ പാർലമെൻ്റിലേക്ക് ജയിക്കുകയും ചെയ്തു 1996 ൽ .എറണാകുളം അസംബ്ലി മണ്ഡലത്തിൽ കെ .വി തോമസിന് ആയിരുന്നു ചെറിയ ഭൂരിപക്ഷം. പിന്നീട് വന്ന പാർലമെൻ്റ് ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ 8000 വോട്ടിന് ജയിച്ചു. അസംബ്ലിയിൽ ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കിലും. 1999 ൽ വീണ്ടും അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ ജയിക്കുകയും ചെയ്തു. അങ്ങനെ 1979 മുതൽ 99 വരെയുള്ള 20 വർഷക്കാലം എറണാകുളം നഗരത്തിൽ പാർലമെൻ്ററി രാഷ്ട്രീയത്തിൽ മാത്രമല്ല സംഘടനയിലും സിപിഐഎം കുതിച്ചു മുന്നേറി. അതിനു കാരണം അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനവും മറ്റുള്ളവരെ സ്വീകരിക്കാനുള്ള മനസ്സും ആയിരുന്നു. സ്വീകരിച്ചവർ വെറുതെ കോൺഗ്രസിൽ നിന്ന് വന്നവരായിരുന്നില്ല. കോൺഗ്രസ് നേതൃത്വത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവർ തന്നെയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികൾ മറ്റു വോട്ട് സമാഹരിക്കാൻ കഴിയുന്നവർ ആയിരുന്നു എന്ന് ചുരുക്കം. സിപിഐഎമ്മിന്റെ പ്രവർത്തകർ നടത്തിയ ഉശിരൻ പ്രവർത്തനവും , ജയിക്കണമെന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലും പാർട്ടിയെ ജനങ്ങളോട് കൂടുതൽ അടുപ്പിക്കാൻ സഹായിച്ചു എ.പി എന്ന ക്രാന്തദർശിയായ സംഘാടകൻ്റെ നേതൃത്തിൽ. ഈ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ശ്രീ എവറസ്റ്റ് ചമ്മിണിയുടെ വരവ് കരുത്തേകിയിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. ഈ പാഠങ്ങൾ നമുക്കെല്ലാം ഉള്ളതാണ്. രാഷ്ട്രീയത്തിലെ ഓരോ പാഠവും തുന്നി ചേർക്കുമ്പോഴാണ് അത് പാഠപുസ്തകം ആകുന്നത്.
1991 ലെ അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ അഗസ്റ്റിൻ നെടിയ തറയെ തോല്പിച്ച ചമ്മിണി ചേട്ടൻ്റെ വിജയ അനൗൺസ്മെൻറ്റ് കേൾക്കാൻ സ്കൂളിൽ നുണ പറഞ്ഞ് ഞാൻ പുറത്തിറങ്ങിയത് ഇപ്പോഴും പച്ച പിടിച്ച് നില്കുന്നു ഓർമ്മകളിൽ .
ശ്രീ.എവറസ്റ്റ് ചമ്മിണിയുമായി അന്നു മുതൽ അടുത്ത ബന്ധം സൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാൻ മേയർ ആയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ആളായിരുന്നു ചമ്മിണി ചേട്ടൻ. ഇടയ്ക്ക് നടന്ന ഗാന്ധിനഗർ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പോയാൽ എൻ്റെ മേയർ സ്ഥാനം പോകും എന്ന വിഷമമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. വന്ദ്യ വയോധികനായിരുന്നു എങ്കിലും കഴിയുന്നത്ര വോട്ടുകൾ അദ്ദേഹം സമാഹരിച്ച് തന്നു. 2016 ൽ ഞാൻ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും ശ്രീ. ചമ്മിണി ചേട്ടൻ വേദിയിൽ ഉണ്ടായിരുന്നു . പ്രവർത്തിക്കാനുള്ള ഊർജ്ജം ചമ്മിണി ചേട്ടന്റെ പ്രസംഗവും അദ്ദേഹത്തിൻ്റെ സാന്നിധ്യവും ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം കൈ മെയ് മറന്ന് പ്രവർത്തിച്ചു. പരാജയപ്പെട്ടെങ്കിലും ചമ്മിണി ചേട്ടൻ്റെ ആവേശവും പിന്തുണയും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. വല്ലപ്പോഴും ഫോണിൽ വിളിച്ച് “എടോ അനിലേ ഞാൻ പറഞ്ഞ കാര്യം എന്തായി ” എന്ന് ചോദിക്കാൻ ചമ്മിണി ചേട്ടൻ ഇനിയില്ല. എന്നാൽ ചമ്മിണി ചേട്ടൻറെ ഓർമ്മകൾ എപ്പോഴും ഉണ്ടാകും. അതുകൊണ്ടാണ് ഇടയ്ക്കിടെ ടിവി ചന്ദ്രൻ്റെ സിനിമ ഞാൻ ഓർക്കുന്നത്. ഓർമ്മകൾ ഉണ്ടായിരിക്കണം. മുൻ ഡെപ്യൂട്ടി മേയർ കൂടി ആയിരുന്ന ശ്രീ.എവറസ്റ്റ് ചമ്മിണിയ്ക്ക് കൊച്ചി നഗരത്തിൻ്റെ ആദരാഞ്ജലികൾ.

