യുഡിഎഫിലെ ഏകോപനമില്ലായ്മയിൽ കടുത്ത അതൃപ്തി പരസ്യമാക്കി എംപിയും കൺവീനറുമായ അടൂർ പ്രകാശ് രംഗത്ത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കില്ലാതെ 18 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും, പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായതായും പല കാര്യങ്ങളും ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് നടക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, യുഡിഎഫിലെ ഈ രീതികളിലുള്ള അതൃപ്തി പരസ്യമാക്കുന്നതായും വ്യക്തമാക്കി. അടുത്തിടെയായി യുഡിഎഫ് യോഗങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും, പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ടെങ്കിലും യോഗം വിളിച്ചു ചേർക്കാൻ മുൻകൈ എടുക്കേണ്ടവർ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ളവർക്കാണെങ്കിലും മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും തന്നെ അറിയിച്ചിട്ടില്ലെന്നും, ഇക്കാര്യത്തിലെ അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

