തെറ്റായ രീതിയില്‍ ചില സഖാക്കള്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന തരത്തില്‍ ആരോപണമുയരുന്നുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുളളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ ഭാരവാഹികളുടെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുമെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍.പാര്‍ട്ടിയ്ക്കുള്ളില്‍ സംഭവിച്ച ജീര്‍ണത കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും അതിന് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രവർത്തകർ ജനങ്ങളോട് മാന്യമായി പെരുമാറണം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടണം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും നാസര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കും. നിശ്ചയിക്കുന്ന പൂര്‍ണ സമയ പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള വരുമാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ ചിലര്‍ എതിരാളികളുമായി മത്സരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നും ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്നും ജി സുധാകരനെ ഉന്നംവെച്ച് ആര്. നാസര്‍ പറഞ്ഞു.ഇവര്‍ പാര്‍ട്ടിയില്‍ നിന്നപ്പോള്‍ ഒരു പാട് തെറ്റുചെയ്തു. അതിന്റെ ഭാഗമായാണല്ലോ അതിര് പാളയത്തിലേക്ക് പോയത്. അങ്ങനെ ആരും പോകാന്‍ പാടില്ല. അവരെ തിരുത്താതെ പോയതുകൊണ്ടാണ് അവര്‍ പാര്‍ട്ടിവിട്ട് പാര്‍ട്ടിക്കെതിരായി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ജി സുധാകരന് ബുദ്ധിമാനായ കമ്മ്യൂണിസ്റ്റാണ്. അവസരവാദ സമീപനം സ്വീകരിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി അംഗത്വം പുതുക്കാത്തത്. അതുകൊണ്ട് പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ പറ്റിയില്ല.തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് പറഞ്ഞു.പാര്‍ലമെന്ററി വ്യാമോഹം മൂത്തു. സ്വതന്ത്രനൊക്കെയാണെന്നാണ് പറഞ്ഞത്. പക്ഷേ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ട് പിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

