ഡോ.വന്ദനാദാസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി ജി.സന്ദീപിന്റെ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താന്‍ രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സന്ദീപിന്റെ അപ്പീലിനെ എതിര്‍ത്ത് വന്ദന ദാസിന്റെ കുടുംബവും കക്ഷിചേര്‍ന്നു.അപ്പീല്‍ ജൂലൈ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നിയമപരമായി സ്വീകരിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചതെന്നാണ് പ്രതി ജി സന്ദീപിന്റെ വാദം.2023 മേയ് 10ന് പുലർച്ചെയാണ് കേസിലെ പ്രതിയായ സന്ദീപ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം.മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം.നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

