സംസ്ഥാനതല കർഷക ദിനാഘോഷം ഇന്ന് (ചിങ്ങം ഒന്ന്) കളമശ്ശേരി ആശിഷ് കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കർഷക ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എംപിമാരായ ബെന്നി ബെഹ്നാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, ഹാരീസ് ബീരാന്‍,ഡീന്‍ കുര്യാക്കോസ് എന്നിവരും എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, കര്‍ഷക സുഹൃത്തുക്കള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും കൃഷി മന്ത്രി റ്റി സിദ്ദിഖ് അറിയിച്ചു.
കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളില്‍ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതില്‍ 5 ലക്ഷം സമ്മാനത്തുകയോടെയുള്ള ‘ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം’ ആദ്യമായി സമ്മാനിക്കുന്നതും, ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍’, ‘ഉദ്യാന ശ്രേഷ്ഠ’ എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നും. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി കാര്‍ഷിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഭൗമസൂചിക (ജി ഐ) പദവി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കേരളഗ്രോ ഉല്‍പ്പന്നങ്ങള്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, മണ്ണ് സംരക്ഷണ വകുപ്പ്, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, ഹോര്‍ട്ടികോര്‍പ്പ്, കേര, അഗ്മാര്‍ക്(എജിഎംഎആര്‍ക്), സഹകരണ മേഖലയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രവത്കരണ സ്റ്റാളുകള്‍, മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക സംരംഭകത്വ മാതൃകകള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിക്കും. ഇതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും കാര്‍ഷിക ഏജന്‍സികളുടെയും സേവനങ്ങളും പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനതല ആഘോഷത്തോടൊപ്പം എല്ലാ കൃഷിഭവനുകളുടെയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കര്‍ഷകദിനം ജനകീയ ആഘോഷമായി സംഘടിപ്പിക്കും. സംസ്ഥാന കർഷക ദിനം എറണാകുളം ജില്ലയില്‍ നടക്കുന്നതിനാല്‍ എറണാകുളത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉച്ചയ്ക്കുശേഷം കർഷകദിന ആഘോഷങ്ങള്‍ നടക്കും. കര്‍ഷകരെ ആദരിക്കുന്നതിനൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക സംസ്‌കാരം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ആഘോഷങ്ങള്‍ വേദിയാകും.

