ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
തിരുവനന്തപുരം സ്വദേശിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നല്‍കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ല. നാലു വർഷം മുൻപ് ഈ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാടിനെ തുടർന്ന് റിപ്പോർട്ട് മടക്കുകയായിരുന്നു.
ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.