പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടിയുമായി കെ ടി ജലീല്‍

പി വി അൻവർ എം എല്‍ എയുടെ പരിഹാസത്തിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ.തനിക്ക് അന്യന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേടില്ലെന്നും താൻ ആരില്‍ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു ജലീലിന്റെ പ്രതികരണം.ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെഎന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്കെതിരെയുള്ള ജലീലിന്റെ നിലപാടില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ലെന്നും ജലീലിന് സ്വന്തമായി നില്‍ക്കാനുള്ള ശേഷിയില്ലെന്നുമായിരുന്നു അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പിന്നാലെയാണ് കെ ടി ജലീല്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീല്‍ അൻവറിന്റെ മറുപടി നല്‍കിയത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല.

കെ.ടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചത്. ഒരു “വാള്‍പോസ്റ്റർ” പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ല്‍ അബ്ദുറഹിമാനും അൻവറും മല്‍സരിച്ച ഘട്ടത്തിലും ഒരു സാമ്പ ത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയില്‍ നിന്ന് മല്‍സരിച്ച ഘട്ടങ്ങളില്‍, നിരവധി പൊതുയോഗങ്ങളില്‍ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയില്‍ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളില്‍ ഓടിയെത്തിയത്.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാള്‍ക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാള്‍ക്ക് നില്‍ക്കാൻ അപരൻ്റെ കാലുകള്‍ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻ മാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികള്‍ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തില്‍ തൊടാൻ പറ്റിയിട്ടില്ല. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ….

സ്നേഹത്തോടെ
ഡോ:കെ.ടി.ജലീല്‍

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...