കോവിഡ് മഹാമാരിയുടെ കാലത്ത് കോടികള്‍ ചെലവഴിച്ച് ആരോഗ്യ വകുപ്പ് വാങ്ങിക്കൂട്ടിയ മെഡിക്കല്‍ ഉപകരണങ്ങളില്‍ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.വിഷയത്തില്‍ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണത്തിന് ശിപാർശ ചെയ്തതായി ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു.നിയമസഭയില്‍ പ്രതിപക്ഷാംഗം അബിൻ വർക്കി എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ആരോഗ്യമന്ത്രി ക്രമക്കേടിന്റെ വിവരങ്ങള്‍ വ്യക്തമാക്കിയത്.
ആരോഗ്യ വകുപ്പ് വാങ്ങിയ 222 ഫണ്ടസ് ക്യാമറയില്‍ ഘടിപ്പിച്ച ഐഫോണുകള്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങള്‍ കാണാനില്ലെന്ന് മന്ത്രി വെളിപ്പെടുത്തി. ഉപകരണങ്ങളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും പരിശോധിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സമിതി നടത്തിയ വിശദമായ പരിശോധനയിലാണ് പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്തതായും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായും തെളിഞ്ഞത്.പെട്ടി പോലും പൊട്ടിക്കാതെ ഗോഡൗണുകളില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ ഉണ്ട്.കോവിഡ് കാലത്ത് മുൻ സർക്കാർ കോടികള്‍ മുടക്കി വാങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങള്‍ പെട്ടി പോലും പൊട്ടിക്കാതെ ഗോഡൗണുകളില്‍ നശിച്ചുകിടക്കുകയാണെന്ന് അബിൻ വർക്കി എം.എല്‍.എ സഭയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 215 ആശുപത്രികളിലായി 1,252-ഓളം ഉപകരണങ്ങളാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഇതില്‍ 222 ഉപകരണങ്ങള്‍ ഇതുവരെ പെട്ടി പോലും പൊട്ടിച്ചിട്ടില്ല. 5,000 കോടി രൂപയിലധികം ചെലവഴിച്ച് വാങ്ങിയതില്‍ 1,500 കോടി രൂപയുടെ ഉപകരണങ്ങളും നിലവില്‍ പൂർണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.നൂറുകണക്കിന് വെന്റിലേറ്ററുകളും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളും ആവശ്യക്കാരായ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ മുൻ സർക്കാർ സംവിധാനങ്ങള്‍ ദാരുണമായി പരാജയപ്പെട്ടുവെന്ന് ആരോപിച്ച എം.എല്‍.എ, ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

