രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ പ്രതിക്ഷേധം: സിപിഎം

സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബി.ജെ.പിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇ.ഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സി.എം.ആര്‍.എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സി.പി.ഐ (എം) നെതിരെ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സി.പി.ഐ (എം)ന്‌ മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ട്ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.സി.പി.ഐ (എം) നെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

Leave a Reply

spot_img

Related articles

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.2025 ലാണ് സാമൂതിരി രാജയായി അധികാരമേൽക്കുന്നത്.ഫാർമക്കോളജിവിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള...

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...