കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വെള്ളിത്തിരയിലേക്ക് എത്തുന്നു.സോണിയയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ സിനിമയാകുകയാണ്.തെലുങ്കിലാണ് സിനിമ ഒരുങ്ങുന്നത്.വ്യാഴാഴ്ച സങ്കറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വർക്കിംഗ് പ്രസിഡന്റ് ജഗ്ഗ റെഡ്ഡി ഇക്കാര്യം അറിയിച്ചത്.സിനിമാ നിർമാണത്തിനായി സങ്കറെഡ്ഡി മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും സംഭാവന നൽകണമെന്ന് ജഗ്ഗ റെഡ്ഡി അഭ്യർത്ഥിച്ചു.മണ്ഡലം കോൺഗ്രസ് കൺവീനർ ജൂലകാന്തി ആഞ്ജനേയുലു സിനിമക്കായി രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു.സിനിമാ നിർമാണത്തിന്റെ കാര്യങ്ങൾ വിലയിരുത്താൻ 50 അംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും ജഗ്ഗ റെഡ്ഡി അറിയിച്ചു.കമ്മിറ്റി പ്രവർത്തനങ്ങളുടെ മേൽനോട്ടം ഗാന്ധിഭവൻ പബ്ളിക് റിലേഷൻസ് ഓഫീസർ ഹരിപ്രസാദ് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സോണിയാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് സിനിമയുടെ പ്രമേയമാകുന്നത്.ഗാന്ധി കുടുംബവുമായുള്ള ബന്ധം മുതൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായി അവർ വളർന്നുവന്ന സാഹചര്യം വരെ ചിത്രത്തിൽ ഉൾപ്പെടുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു.ഇന്ദിരാഗാന്ധിയുടെ മരുമകളായും, രാജീവ് ഗാന്ധിയുടെ ഭാര്യയായും, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അമ്മയായും സോണിയാ ഗാന്ധി പിന്നിട്ട ജീവിതയാത്ര സിനിമയിൽ ആവിഷ്കരിക്കപ്പെടും.ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെത്തുടർന്ന് കുടുംബം നേരിട്ട ദുഷ്കരമായ കാലഘട്ടങ്ങൾ, അതിനുശേഷം സോണിയാ ഗാന്ധിക്ക് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികൾ, രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കിടയിലും അവർ എങ്ങനെയാണ് മക്കളെ വളർത്തിയത് തുടങ്ങിയ കാര്യങ്ങളും ഈ ചിത്രത്തിൽ ഉൾപ്പെടുമെന്നാണ് ജഗ്ഗ റെഡ്ഡി വ്യക്തമാക്കിയത്.

