ഗര്‍ഭിണികളെ പാര്‍പ്പിച്ച് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മൂപ്പിലിരാജ, വാഗമണ്‍ സ്വദേശി അര്ജുന് എന്നിവരാണ് കേസിൽ ആദ്യം പിടിയിലായത്.ഇവർക്ക് പിന്നാലെ സംഘത്തിലെ മുഖ്യഇടനിലക്കാരിയായ കൊല്ലം പറവൂര്‍ സ്വദേശിനി അനീന തെസ്നി (26) അറസ്റ്റിലായി.മൂവരും ഇപ്പോള്‍ റിമാന്റിലാണ്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ജില്ല പോലീസ് ചീഫ് കെ. എം. സാബു മാത്യു അറിയിച്ചു.
ഗര്‍ഭിണിയായ അസം സ്വദേശിയുടെ വെളിപ്പെടുത്തലിലാണ് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയെ വിവാഹം കഴിയുകയായിരുന്ന 22 കാരി രണ്ടാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഗര്‍ഭചിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ നിര്‍ബന്ധിച്ചു.വീട്ടില്‍ നിന്നുമിറങ്ങിയ യുവതി തന്റെ പിതാവിന്റെ സുഹൃത്തിന്റെ ഡല്‍ഹിയിലുള്ള കുടുംബത്തില്‍ അഭയം തേടി. അവിടെ നിന്നും അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കുന്ന എന്‍. ജി ഓകളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അങ്ങനെയാണ് തീക്കോയിലുള്ള ഈ സംഘത്തിന്റെ പിടിയിലാകുന്നത്. കാര്‍ത്തിക് എന്നയാള്‍ യുവതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്നും കോട്ടയത്തേയ്ക്ക് വരാനുള്ള ടിക്കറ്റ് അയച്ചു നല്കി. അവിടെ നിന്നും എത്തിയ യുവതി തീക്കോയിലുള്ള ആളൊഴിഞ്ഞ റബര്‍തോട്ടത്തിലെ വീട്ടില്‍ താമസമാക്കി.
പുരുഷന്മാരും പ്രായമായ ഒരമ്മയും രണ്ട് കുഞ്ഞ് മക്കളും അവിടെയുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ ഒരു കുടുംബത്തെ പോലെയാണ് അവര്‍ അവിടെ കഴിഞ്ഞിരുന്നത്. പത്ത് ദിവസം താമസിച്ച യുവതിയ്ക്ക് അവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങി. ഏഴു മാസം പ്രായമായ യുവതിയ്ക്ക് കുഞ്ഞ് ജനിക്കുമ്പോള്‍ നല്‍കണമെന്നും മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും എഗ്രിമെന്റ് ചെയ്യണമെന്നും അറിയിച്ചു.
ഇത് വിസമ്മതിച്ച യുവതിയെ അവര്‍ മര്‍ദ്ദിച്ചതായും പരാതിയിലുണ്ട്. തുടര്‍ന്ന അവിടെ നിന്നും രക്ഷപ്പെട്ട യുവതിയെ അംഗന്‍വാടി ടീച്ചര്‍ രമയുടെ നേതൃത്വത്തിലാണ് രക്ഷപ്പെടുത്തിയത്. വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് ഇവരെ കോട്ടയത്തുള്ള അഭയകേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്യുകയും അവിടെ താമസിച്ചിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനീനയെന്ന യുവതിയെ അറസറ്റ് ചെയ്തത്.നിലവില്‍ കുട്ടികളെ വില്‍പ്പന നടത്തിയതിലാണ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. നിയമപരമായല്ല കുട്ടികളെ കൈമാറ്റം ചെയ്തിരിക്കുന്നുവെന്നത് വ്യക്തമായതോടെ കേസ് വലിയ ഗൗരവമുള്ളതാണ്. ആദ്യ അന്വേഷണത്തില്‍ ഒരു കുട്ടിയെ കൈമാറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസില്‍ പോലീസ് സ്വമേധയ കേസെടുക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു.ഇതര സംസ്ഥാന റാക്കറ്റിന് കേസുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

